തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസങ്ങളിൽ അതത് ജില്ലകളിൽ പൊതുഅവധി പ്രഖ്യാപിച്ചു. ഡിസംബർ ഒമ്പതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ പൊതുഅവധിയായിരിക്കും.
ഡിസംബർ 11 ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
സ്വകാര്യ സ്ഥാപനങ്ങൾ, ഫാക്ടറികൾ, തോട്ടങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി അവധിയോ മതിയായ സൗകര്യമോ നൽകാൻ തൊഴിലുടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
കേന്ദ്ര സർക്കാർ ജീവനക്കാർക്കും കേന്ദ്രപൊതുമേഖലാ സ്ഥാപന ജീവനക്കാർക്കും വോട്ടെടുപ്പ് ദിവസം അവധി അനുവദിക്കാൻ നടപടി എടുക്കാൻ കേന്ദ്ര പേഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പിനോടും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്.